താടിക്കുമുണ്‌ട് രാഷ്‌ട്രീയം
താടിയും മീശയും വച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ കാണാനിഷ്‌ടമില്ലാത്ത സുന്ദരിമാരുടെയും ചില സുന്ദരന്‍മാരുടെയും പ്രാര്‍ത്ഥന പരമകാരുണ്യവാനായ ദൈവം കേട്ടിരിക്കുന്നു. ഗാന്ധി(ഏത് വകയില്‍) കുടുംബത്തിലെ ഇളമുറ തമ്പുരാന്‍ കൃത്യം 40 വയസുള്ള രാഹുല്‍ ഗാന്ധി ക്ലീന്‍ ഷേവ് ചെയ്‌തിരിക്കുന്നു. സുന്ദരികള്‍ക്കും ചില സുന്ദരന്‍മാര്‍ക്കും പരമാനന്ദം പകരുന്ന ഈ ബ്രേക്കിങ് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യയിലെ പത്രപാരമ്പര്യത്തിന്റെ തലപ്പത്തോ എവിടെയോ നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഓണ്‍ലൈന്‍ എഡിഷനാണ്.
മൈക്രോസോഫ്‌ട് മുതലാളി ബില്‍ഗേറ്റ്‌സുമായി ഉത്തര്‍പ്രദേശിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ രാഹുലിന്റെ ക്ലീന്‍ഷേവ് കണ്‌ടത്. രാഹുലിന്റെ താടിയും മീശയും കഴിഞ്ഞ ഒരാഴ്‌ചയിലായി സൈബര്‍ ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ റിപ്പോര്‍ട്ട്. മാസങ്ങളോളം രാഹുല്‍ കുറ്റിത്താടിയുമായി നടക്കാറുണ്‌ടെങ്കിലും കനപ്പെട്ട താടിയും മീശയും വെയ്ക്കുന്നത് ഇതാദ്യമായിരുന്നു. അത് അദ്ദേഹം വടിച്ചുകളഞ്ഞിരിക്കുന്നു.
41 കോടിയോളം ജനങ്ങള്‍ പട്ടിണികിടക്കുന്ന നാടാണിത്. പട്ടിണിമൂലം മരിക്കുന്നവര്‍ എത്രയുണ്‌ടെന്ന് എനിക്കറിയില്ല. രാഹുലും അമ്മയും നേതൃത്വം നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷഭരണക്കാലത്ത് രാജ്യത്ത് അഞ്ചുകോടിയോളം പട്ടിണിക്കോലങ്ങള്‍ കൂടുതലുണ്‌ടായെന്നും പറയപ്പെടുന്നു. ഇത്തരം രാജ്യത്ത് സുന്ദരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവിന്റെ മുഖ സൌന്ദര്യത്തെക്കുറിച്ച് പെണ്ണുങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കുറ്റകരമല്ല. പക്ഷേ ധാര്‍മിക ഉത്തരവാദിത്വമാണ് കഷ്‌ടപ്പെട്ട് പണിയെടുത്ത് നിറവേറ്റുന്നതെന്ന് അഹങ്കരിക്കുന്ന മാധ്യമ പ്രവര്‍ത്തര്‍ ഇത് വിറ്റ് കാശാക്കുന്നത് എങ്ങനെ സഹിക്കും. തീര്‍ച്ചയായും എനിക്ക് അസൂയപ്പെടാം.
സാമാന സംഭവം തന്നെ കഴിഞ്ഞ ദിവസവും അരങ്ങേറി. രാജ്യം മുഴുവന്‍ കാതോര്‍ത്തിരുന്ന കോര്‍പ്പറേറ്റ് സഹോദരന്‍മാരുടെ യുദ്ധമെന്ന് വിശേഷിപ്പിച്ച് മുകേഷ്, അനില്‍ അംബാനി സഹോദരന്‍മാരുടെ പിണക്കം മാധ്യമങ്ങള്‍ വിളമ്പി. ഓഹരി വിപണിയില്‍ വന്‍ പ്രതികരണം ഉളവാക്കുന്ന വിധിയില്‍ രാജ്യത്തെ കച്ചവടക്കാരുടെ താല്‍പര്യം അംഗീകരിക്കുന്നു. പക്ഷേ വിധി കേള്‍ക്കാന്‍ മുകേഷ്(അതോ അനിലോ, മറന്നുപോയി) സുപ്രീംകോടതിയിലെത്തിയ വാര്‍ത്ത, ദേശീയ വാര്‍ത്താഏജന്‍സിമുതല്‍ ഇങ് കേരളത്തിലെ സമ്പൂര്‍ണ വാര്‍ത്ത ചാനല്‍വരെ ഫ്‌ളാഷ് ചെയ്യുന്നതിലെ ഔചിത്യം പരിശോധിക്കപെടേണ്‌ടതുതന്നെ.
കച്ചവടം തന്നെയാണ് സര്‍വത്ര. മൂന്നു നാലു കൊല്ലം കൊണ്‌ട് നമുക്കുണ്‌ടായ മാറ്റം എത്ര. ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നുണ്‌ടാവില്ല. അത്രയ്ക്ക് വലിയവേഗത്തില്‍, എണ്ണത്തില്‍ കാര്യമായ മാറ്റം ജീവിതത്തിന് ഉണ്‌ടായിരിക്കുന്നു. മാറ്റം നല്ലതുതന്നെ. മാറ്റങ്ങള്‍ മൂലം ജീവിതം അയത്‌ന ലളിതമാകുന്നുവെന്ന് പറയപ്പെടുന്നു. പണ്ടും മാറ്റം ഉണ്‌ടായിട്ടുണ്‌ട്. പക്ഷേ മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള സമയം മുന്‍പ് കുറച്ചുകൂടി ലഭിക്കുമായിരുന്നു. മാറ്റം വ്യവസ്ഥയിലുണ്‌ടാക്കുന്ന മാറ്റം ദോഷമെങ്കില്‍ പരിഹരിക്കാനുള്ള സമയം ലഭിച്ചിരുന്നു.
ധാര്‍മികത, സഹമനുഷ്യരോടുള്ള കടമ അങ്ങനെയെന്തെങ്കിലും നമ്മളിലിന്നുണ്‌ടോ. വാണിജ്യ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാധ്യമങ്ങളും മാറിയിരിക്കുന്നുവെന്നാണ് പറഞ്ഞുവരുന്നത്. വാര്‍ത്തകള്‍ക്കും അവയുടെ സ്വഭാവത്തിനും മാറ്റം വന്നിരിക്കുന്നു. എന്താണ് വാര്‍ത്തയെന്ന് തീരുമാനിക്കുന്നത് അതിന്റെ വാണിജ്യ മൂല്യമായിരിക്കുന്നു. ടെലിവിഷനില്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടറെ കാണുമ്പോള്‍ ഉണ്‌ടാകുന്ന അവസ്ഥ അത് നിസംഗതയാണ്.
ശശി തരൂരും ലളിത് മോഡിയും സുന്ദരിയായ സുനന്ദയും ഉള്‍പ്പെട്ട ഐപിഎല്‍ വിവാദത്തിലടക്കം ടെലിവഷന്‍ ചാനലുകളുടെ ആവേശം പരിശോധിക്കപ്പെടേണ്‌ടതുതന്നെയാണ്. കഴിഞ്ഞ അഞ്ചാറു മാസങ്ങളായി അവശ്യസാധങ്ങളുടെ വിലയിലുണ്‌ടായ വര്‍ദ്ധ, അത് എത്രമാത്രം ഈ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തി. പരിപ്പിന്റെയും പയറിന്റെയും വില എന്താണെന്ന് അറിയുമോ? രാജ്യത്തെ ഭക്ഷ്യവില പ്പെരുപ്പം കുറച്ചുനാളായി 16നും 17നും ഇടയില്‍ കളിക്കുകയാണ്. ഉടന്‍ ശരിയാകുമെന്ന് പ്രണബ് മുഖര്‍ജിയും പവാറും ആവര്‍ത്തിക്കുന്നത് ഇടയ്ക്കിടെ വാര്‍ത്തയായിരുന്നു. പരിഹരിക്കപ്പെട്ടോ?
ഇതൊക്കെ പറഞ്ഞ് എനിക്കുതന്നെ മടുത്തിരിക്കുന്നു. കഴുത കാമം കരഞ്ഞുതീര്‍ക്കും. ഞാന്‍ എന്റെ വിഷമം ഇങ്ങനെയും.


















May 23rd, 2010 at 12:24 am
4Oa1iS lucsjxwrcrro, [url=http://qfjewrgzganw.com/]qfjewrgzganw[/url], [link=http://emyjjsryfrdc.com/]emyjjsryfrdc[/link], http://cgvogjnnbocb.com/